iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/മംഗളവാർത്ത
മംഗളവാർത്ത - വിക്കിപീഡിയ Jump to content

മംഗളവാർത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗളവാർത്തയുടെ അറിയിപ്പ് - പാവോലോ ദെ മത്തേയിസിന്റെ ചിത്രം (1712)

കന്യാമറിയം ഗർഭം ധരിച്ച് യേശുവിനെ പ്രസവിക്കുമെന്ന സദ്‌വാർത്തയെ സംബന്ധിച്ച് ദൈവദൂതൻ ഗബ്രിയേൽ മറിയത്തിനു നൽകിയ അറിയിപ്പിന്റെ സംഭവവും അതിനെ അനുസ്മരിച്ചുള്ള ആഘോഷവുമാണ് ക്രിസ്തീയ പാരമ്പര്യത്തിലെ മംഗളവാർത്ത (Annunciation). മറിയത്തിന്റെ ഉദരത്തിൽ യേശുവിന്റെ ഉത്ഭവത്തെ തന്നെ സൂചിപ്പിക്കുന്നതിനാൽ അത് ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള മനുഷ്യാവതാരസംഭവത്തിന്റെ കൂടി അനുസ്മരണവും ആഘോഷവുമാകുന്നു. അവൾക്കു പിറക്കാനിരിക്കുന്ന പുത്രന്റെ പേര് രക്ഷകൻ എന്നർത്ഥമുള്ള യേശു എന്നായിരിക്കുമെന്നും ദൈവദൂതൻ മറിയത്തെ അറിയിച്ചിരുന്നു.

പല ക്രിസ്തീയവിഭാഗങ്ങളും മംഗളവാർത്ത ആഘോഷിക്കുന്നത് യേശുവിന്റെ ജനനദിവസമായ ക്രിസ്മസിന് ഒൻപതു മാസം മുൻപ് മാർച്ച് 25-നാണ്. ഈ ദിവസത്തെ മംഗളവാർത്താ തിരുനാൾ, വചനിപ്പ് പെരുന്നാൾ എന്നൊക്കെ അറിയപ്പെടുന്നു. ലൂക്കായുടെ സുവിശേഷം അനുസരിച്ച് മംഗളവാർത്തയുടെ അറിയിപ്പുണ്ടായത് മറിയത്തിന്റെ ബന്ധുവായിരുന്ന എലിസബത്ത് വാർദ്ധക്യത്തിൽ, യേശുവിന്റെ മുന്നോടിയായി വിശ്വസിക്കപ്പെടുന്ന സ്നാപകയോഹന്നാനെ ഗർഭം ധരിച്ച് ആറു മാസം ആയിരിക്കെയാണ്.[1]

വസന്തസമരാത്രദിനത്തോട് (vernal equinox) അടുത്തു വരുന്ന മംഗളവാർത്താദിനം ഇംഗ്ലണ്ട് ഉൾപ്പെടെ പല നാടുകളിലും നവവത്സരമായി ആഘോഷിക്കപ്പെട്ടിരുന്നു. റോമൻ കത്തോലിക്കാ, പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യങ്ങൾ, മംഗളവാർത്ത അറിയിക്കപ്പെട്ടത് ഗലീലയിലെ പട്ടണമായ നസ്രെത്തിൽ ആണെന്ന സുവിശേഷസാക്ഷ്യം പിന്തുടരുന്നെങ്കിലും അതിന്റെ കൃത്യസ്ഥാനത്തെക്കുറിച്ച് അവർക്ക് ഏകാഭിപ്രായമല്ല. നസ്രെത്തിൽ മംഗളവാർത്തയുടെ കത്തോലിക്കാപ്പള്ളിയും, ഗ്രീക്ക് ഓർത്തഡോക്സ് മംഗളവാർത്താദേവാലയവും രണ്ടിടങ്ങളിലാണ്.

ക്രിസ്തീയകലയിൽ പൊതുവേയും, കത്തോലിക്കാപാരമ്പര്യത്തിലെ മരിയൻ കലയിൽ പ്രത്യേകിച്ചും മംഗളവാർത്ത, കലാകാരന്മാരുടെ ഒരു ഇഷ്ടപ്രമേയമായിരിക്കുന്നു.

മാർത്തോമ്മാ ക്രിസ്ത്യാനികൾ

[തിരുത്തുക]

മംഗളവാർത്താക്കാലത്തോടെയാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനാവൽസരം ആരംഭിക്കുന്നത്. യേശുവിന്റെ ജനനത്തിന് ഒരുക്കമായുള്ള നാല് ആഴ്ചകൾ കൂടുന്നതാണ് ഈ കാലം.

അവലംബം

[തിരുത്തുക]
  1. ലൂക്കാ എഴുതിയ സുവിശേഷം 1:26
"https://ml.wikipedia.org/w/index.php?title=മംഗളവാർത്ത&oldid=3730946" എന്ന താളിൽനിന്ന് ശേഖരിച്ചത്