iBet uBet web content aggregator. Adding the entire web to your favor.
iBet uBet web content aggregator. Adding the entire web to your favor.



Link to original content: https://ml.wikipedia.org/wiki/അണ്ണാക്ക്
അണ്ണാക്ക് - വിക്കിപീഡിയ Jump to content

അണ്ണാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ണാക്ക്
തലയും കഴുത്തും.
അണ്ണാക്ക് പ്രദർശിപ്പിച്ചിരിക്കുന്നു.
ലാറ്റിൻ palatum
ഗ്രെയുടെ subject #242 1112
കണ്ണികൾ Palate

നാസികാകോടരത്തേയും (nasal cavity)[1] വായയേയും തമ്മിൽ വേർതിരിക്കുന്ന ഭിത്തിയെ അണ്ണാക്ക് (Palate)[2] എന്നു പറയുന്നു. ഇതിന് കട്ടിയുള്ള ഒരു മുൻഭാഗവും മൃദുവായ ഒരു പിൻഭാഗവും ഉണ്ട്. കാഠിന്യമുള്ള മുൻഭാഗം അസ്ഥികൊണ്ടുള്ളതും അതിന്റെ രണ്ടു പ്രതലങ്ങളും ശ്ലേഷ്മസ്തരംകൊണ്ടു മൂടപ്പെട്ടതുമാണ്. വായ്ക്കുള്ളിലെ പ്രതലം ഉള്ളിലേക്കു വളഞ്ഞിരിക്കും (concave). മൃദുഅണ്ണാക്കിന്റെ (soft palate)[3] മുൻഭാഗം ദൃഡഅണ്ണാക്കിന്റെ (hard palate)[4] പിൻഭാഗത്തോടു യോജിക്കുന്നു. മൃദുഅണ്ണാക്കിന്റെ പിൻഭാഗം സ്വതന്ത്ര സീമാന്തം (border) ആയിട്ടാണ് അവസാനിക്കുന്നത്. ഇതിന്റെ മധ്യഭാഗം ഒരു ചെറുവിരലിന്റെ ആകൃതിയിൽ താഴോട്ടു നീണ്ടുനില്ക്കുന്നു. ഇതിനെ ഉവുല (uvula)[5] എന്നുപറയുന്നു. മൃദുഅണ്ണാക്കിൽ പേശികളുണ്ട്. വായിലൂടെ ആഹാരം കടന്നുപോകുമ്പോൾ അണ്ണാക്കിന്റെ പിൻഭാഗം തൊണ്ടയിൽ ചെന്ന് തട്ടുകയും നാസാഗഹ്വരവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ശബ്ദോച്ചാരണത്തിലും അണ്ണാക്ക് ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

അണ്ണാക്കിനുണ്ടാകുന്ന വൈകല്യങ്ങൾ

[തിരുത്തുക]

ജൻമനാതന്നെ അണ്ണാക്കിന് പല വൈകല്യങ്ങളും ഉണ്ടാകാറുണ്ട്. അണ്ണാക്കിന്റെ കട്ടിയുള്ള ഭാഗം സാധാരണയിൽ കവിഞ്ഞ് ചിലപ്പോൾ വളഞ്ഞിരിക്കും. വായിലൂടെ ശ്വാസോച്ഛ്വാസം ചെയ്യുന്നവരിലാണ് ഇതു പ്രധാനമായും കണ്ടുവരുന്നത്.

ഗർഭസ്ഥശിശുവിന്റെ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങളിൽ ശിശുവിന്റെ മുഖം, തൊണ്ട എന്നീ ഭാഗങ്ങളിൽ പല പിളർപ്പുകളുണ്ടായിരിക്കും (clefts).[6] രണ്ടു കണ്ണുകൾക്കിടയിൽ നിന്നും ലലാട-നാസാപ്രവർധം (fronto-nasal process)[7] താഴേക്ക് വളരുന്നു. നാസികയുടെ ബഹിർഭാഗം, നാസാപുടം, മേൽച്ചുണ്ടിന്റെ മധ്യഭാഗം, ഊർധ്വഹനു (upper jaw) മുതലായവ ഈ പ്രവർധത്തിൽനിന്നുമാണുണ്ടാകുക. രണ്ടു വശത്തെയും മാക്സില(maxilla)കളിൽ നിന്നും ഉള്ളിലേക്കാണ് മാക്സിലറി പ്രവർധങ്ങൾ (maxilary process)[8] വളരുന്നത്. അണ്ണാക്കും ഊർധ്വഹനുവിന്റെ മറ്റു ഭാഗങ്ങളും മാക്സിലറി പ്രവർധങ്ങളിൽനിന്നുമാണുണ്ടാകുക. ശരിയായ വളർച്ചയും വികാസവുമുള്ള കുഞ്ഞുങ്ങളിൽ മാക്സിലറി പ്രവർധങ്ങളും ലലാട-നാസാ പ്രവർധവുമായി ജനനത്തിനു മുമ്പ് യോജിച്ചിരിക്കും. ഇങ്ങനെയുള്ള സംയോജനം നടന്നില്ലെങ്കിൽ കുഞ്ഞ് ജനിക്കുമ്പോൾ 'Y'യുടെ ആകൃതിയിലുള്ള ഒരു വിടവ് ഉണ്ടായിരിക്കും. ഈ വിടവ് അണ്ണാക്കിന്റെ പിൻഭാഗത്തുനിന്നും ആരംഭിച്ച് മുൻവശത്തെ പല്ലുകളുടെ തൊട്ടു പിൻഭാഗം വരെയും അവിടെനിന്നു മേൽച്ചുണ്ടുവഴി രണ്ടു നാസാദ്വാരങ്ങളിലേക്കും നീണ്ടുപോകുന്നു. ഇത്തരം 'Y'യുടെ ആകൃതിയിലുള്ള വിദരത്തിന് പൂർണ വിദരിത-അണ്ണാക്ക് (complete cleft palate) എന്നു പറയുന്നു. ചിലപ്പോൾ ഈ പിളർപ്പ് അപൂർണമായി മാത്രമേ കാണാനുളളൂ എന്നു വരാം. അണ്ണാക്കിലെ വിടവ് ഭാഗികമാണെങ്കിൽ മേൽച്ചുണ്ടിലും ഊർധ്വഹനുവിലും പിളർപ്പുകളുണ്ടായിരിക്കുകയില്ല; അവ സ്വാഭാവിക സ്ഥിതിയിലായിരിക്കും. ചിലപ്പോൾ പിളർപ്പ് മേൽച്ചുണ്ടിൽ മാത്രമായി ചുരുങ്ങുന്നു. ഇതിനെ മുച്ചുണ്ട് എന്നാണ് പറയുന്നത്.

പ്രതിവിധി

[തിരുത്തുക]

ഈ രണ്ടു വൈകല്യങ്ങളും ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. ശൈശവത്തിൽ ഇവ രണ്ടും കുഞ്ഞിന്റെ പാലൂട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; മുച്ചുണ്ട് മുഖത്തിന് വൈരൂപ്യം ഉണ്ടാക്കുകയും ചെയ്യും. അണ്ണാക്കിലെ പിളർപ്പ് ശബ്ദത്തിന് ഒരു അനുനാസികാസ്വരവും നല്കുന്നു. കുഞ്ഞിന് മുച്ചുണ്ട് മാത്രമേ ഉള്ളുവെങ്കിലും അതിന്റെ വലിപ്പം കുറവാണെങ്കിലും ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. എന്നാൽ അസാമാന്യമായ വലിപ്പം ഉണ്ടെങ്കിൽ ജനിച്ച് ഏതാനും മാസങ്ങൾക്കുശേഷമേ ശസ്ത്രക്രിയ ചെയ്യാറുള്ളു. അണ്ണാക്കിലും പിളർപ്പ് ഉണ്ടെങ്കിൽ ശസ്ത്രക്രിയ കൂടുതൽ പ്രയാസകരവും ദുർഘടവും ആയിരിക്കും. ശസ്ത്രക്രിയയെ തുടർന്ന് അമിതമായ രക്തസ്രാവവും ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ട് ഈ ശസ്ത്രക്രിയ ചെയ്യുമ്പോൾ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കണം. സാധാരണയായി ഇത് ജനിച്ചു 18-30 മാസങ്ങൾക്കിടയിലാണ് ചെയ്യുക. കുട്ടി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ് ശസ്ത്രക്രിയ ചെയ്യുകയാണ് നല്ലത്. ഈവിധ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾക്ക് പാൽ വലിച്ചുകുടിക്കാൻ സാധിക്കാത്തതിനാൽ കരണ്ടികൊണ്ട് കോരിക്കൊടുക്കേണ്ടതാണ്. ചിലപ്പോൾ അണ്ണാക്കിലുള്ള പിളർപ്പ് ശസ്ത്രക്രിയ മൂലം നികത്താനാവാത്ത വിധം വലുതായിരിക്കും. കുട്ടി വളർന്നതിനുശേഷം ഒരു കൃത്രിമ-അണ്ണാക്ക് ഉപയോഗിച്ച് ഇതു കുറെയൊക്കെ പരിഹാരിക്കാവുന്നതാണ്.

അവലംബം

[തിരുത്തുക]
  1. "നാസികാകോടരം (nasal cavity)". Archived from the original on 2011-08-21. Retrieved 2011-05-11.
  2. അണ്ണാക്ക് (Palate)
  3. മൃദുഅണ്ണാക്ക് (soft palate)
  4. ദൃഡഅണ്ണാക്ക് (hard palate)
  5. ഉവുല (uvula)
  6. "പിളർപ്പ് (clefts)". Archived from the original on 2011-06-16. Retrieved 2011-05-11.
  7. ലലാട-നാസാപ്രവർധം (fronto-nasal process)
  8. മാക്സിലറി പ്രവർധങ്ങൾ (maxilary process)

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണ്ണാക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണ്ണാക്ക്&oldid=3622858" എന്ന താളിൽനിന്ന് ശേഖരിച്ചത്